ധൃതിയില്ലാത്ത യാത്രകൾ
കഴിഞ്ഞ ദിവസം ക്ലബ് ഹൗസ്സിൽ ഷൗക്കത്തിനെ കേൾക്കുകയായിരുന്നു. അദ്ദേഹം തന്റെ ഹിമാലയയാത്രകളെപ്പറ്റി സംസാരിക്കുകയായിരുന്നു. അദ്ദേഹം യാത്രയിലെ നമ്മുടെ ധൃതികളെപ്പറ്റി സംസാരിക്കുമ്പോൾ,ഞാനിങ്ങനെ ആലോചിക്കുകയായിരുന്നു. ഞങ്ങളുടെ ശബരിമലയാത്രകൾ. യാത്രയിലെ ധൃതി കുറയ്ക്കാൻ അച്ചനോടൊപ്പമുള്ള ശബരിമലയാത്രകൾ സഹായിച്ചിട്ടുണ്ട്. കൂടെയുള്ളവരെ പരിഗണിക്കാനും,ഒപ്പം കയറ്റം കയറാനും,ഇറക്കങ്ങൾ സൂക്ഷിച്ചിറങ്ങാനും, കൂടെയുള്ളവർ കിതിയ്ക്കുമ്പോൾ അല്പം വിശ്രമിക്കാനും,ചിലപ്പോൾ അവരുടെ ഭാണ്ഡവും ഏറ്റെടുത്ത് മല കയറാനും, തിരക്കുകൾക്കിടയിൽ കൂട്ടംത്തെറ്റി സ്വയം നഷ്ടപ്പെടാതെ സൂക്ഷിക്കാനും,ഒറ്റയ്ക്ക് നടക്കാനും, പുരുഷാരം തേടിയതു താൻ തന്നെയെന്ന അറിവേയിലേക്കുള്ള 18 പടിചവിട്ടുമ്പോൾ മുമ്പിൽ കയറുന്ന അനുജൻ വീഴാതെ ശ്രദ്ധിക്കാനും മല കയറ്റം പഠിപ്പിച്ചിട്ടുണ്ട്.ഒട്ടും തന്നെ ധൃതിയില്ലാതെയാണ് അച്ഛന്റെ യാത്ര. നാട്ടിൽ പലരും അവർ പോയതിനേക്കാൾ വേഗത്തിൽ തിരിച്ചെത്തി എന്നു പറയാനാണ് മലയ്ക്കു പോകാറ്. "ഞങ്ങൾ കയറുമ്പോൾ തിരക്കില്ലായിരുന്നു,ഓടിക്കയറി ഓടിയിറങ്ങി" എന്നൊക്കെ വലുപ്പം പറയുമ്പോൾ അച്ഛൻ ചിരിക്കും. കാരണം ഞങ്ങൾ പോവുമ്പോഴെല്ലാം ഓരോ അനുഭവങ്ങളാണ്. ഓരോ വർഷവും ഓരോ ജീവിത പാഠവും. 'എന്തിനാണ് ഇത്രവലിയ തേങ്ങയിൽ നെയ്യു നിറയ്ക്കുന്നത്" എന്ന് ഞങ്ങളോട് എല്ലാ കൊല്ലവും ആളുകൾ ചോദിക്കും, "എന്തിനാണിങ്ങനെ നെയ്യഭിഷേകം ക്യൂ നിന്ന് ചെയ്യുന്നത്, മേൽശാന്തിമാർ ചെയ്തു തരില്ലേ?" എന്ന് കൂട്ടത്തിൽ തിരക്കുള്ളവരും ചോദിക്കും. ഒട്ടും തിരക്കില്ലാത്തതുകൊണ്ടാണ് എന്ന് അച്ഛൻ മറുപടി പറയും. ഇവരെന്തിനാണ് ഇങ്ങനെ ഉറക്കെ ശരണം വിളിക്കുന്നത് എന്ന് പലപ്പോഴും നാട്ടിലെ അമ്പലത്തിലെ ദൈവത്തിന് വരെ തോന്നിയിട്ടുണ്ട്. അചഞ്ചലമായ ഭക്തിയാണ് അതും എന്ന് ഞാൻ ഇന്ന് മനസ്സിലാക്കുന്നു. അവിടെ മാനാഭിമാനങ്ങളില്ല.
പല തവണ കിട്ടിയ ആ ഉറപ്പോടെ കന്നിയയ്യപ്പൻ മലകയറും.
കുത്തനെ നിൽക്കുന്ന നീലിമലയിലെ ഓരോ കയറ്റം തീരുമ്പോഴും തളർന്ന സ്വരത്തിൽ ഞാൻ അച്ചനോട് ചോദിക്കും " അച്ഛാ ശബരിമല എത്താറായോ?" ഓരോ തവണയും അച്ഛൻ പറയും" ആ കാണുന്ന കയറ്റം കഴിഞ്ഞാൽ എത്തും". കയറ്റങ്ങൾ കഴയുന്നതല്ലാതെ ശബരിമലയെത്തിയില്ല.
അപ്പാച്ചിമേടെത്തുമ്പോൾ ചുമടുംകൊണ്ടു മലയിറങ്ങുന്ന കഴുതുകൂട്ടങ്ങളെ കണ്ടിരുന്നു. കൂട്ടം തെറ്റാതിരിക്കാൻ കഴുതക്കാരന്മാർ അവരെ അടിച്ചും, ശബ്ദങ്ങളുണ്ടാക്കിയും വഴിതെളിക്കുന്നു. ഞാൻ തലയിലെ കെട്ടുമായി മല വീണ്ടും കയറി.
സംവത്സരങ്ങൾ ശരംകുത്തിയാലിൽ ശരക്കോലുകളായി പടർന്നു കയറി.
പതിനേഴാം വർഷം മുത്തച്ചനു ദക്ഷിണ നൽകി കെട്ടുമുറുക്കുമ്പോൾ, അദ്ദേഹം മരണക്കിടക്കയിൽ നിന്ന് എഴുന്നേറ്റിരുന്നു തലയിൽ കൈവയ്ച്ചു ചുണ്ടനക്കി "പോയിവാ". അറക്കയുടെയും, മറ്റ് കാമ്പിള്ളി വെളിച്ചപ്പാടുമാരുടെ ഉള്ളുവിറപ്പിക്കുന്ന അയ്യപ്പചരിതങ്ങൾ മുത്തച്ഛന്റെ ചുണ്ടിൽ നിന്നും കേട്ടാണ് ഞങ്ങൾ വളർന്നത്. ഭയഭക്തി മാറി ദൈവത്തെ ഭയം മറന്ന് സ്നേഹിക്കാൻ വീണ്ടും ആണ്ടുകളെടുത്തു.
പതിനെട്ടു തവണ മല ചവിട്ടി. ദൈവവിശ്വാസത്തിന്റെ അളവിൽ കുറവുവന്നിട്ടും, ദൈവമില്ലായ്മ്മയെന്ന അറിവുവന്നിട്ടും, മലയ്ക്കുപോവാൻ എനിക്ക് ഇഷ്ടമാണ്. മറ്റുള്ളവരെ പരിഗണിക്കാനും, കാത്തുനിൽക്കാനും, ഒരു കൈത്താങ്ങുനൽകാനുമെല്ലാം അവിടെനിന്നുകൂടിയാണ് പഠിച്ചത്.
യാത്രയെന്നാൽ ലക്ഷ്യം മാത്രമല്ല മാർഗ്ഗം കൂടിയാണ് എന്നും ആദ്യമായ് പഠിച്ചതും അവിടുന്നുതന്നെ.
ആദിത്യൻ എസ്
10.06.2021

Comments
Post a Comment