അനുവാദം
എൻ്റെ അനുവാദമില്ലാതെയാണ് ഈ അരങ്ങത്തേക്ക് എന്നെ കയറ്റിവിട്ടത്.
ഇവിടെയൊരു വേഷം ഞാൻ ആഗ്രഹിച്ചിരുന്നില്ല. വെളിച്ചത്തേക്ക് എടുത്തെറിയപ്പെടതുകൊണ്ടുമാത്രം ഈ വേഷം ആടിത്തീർക്കാൻ കഷ്ടപ്പെടുകയാണ് ഞാൻ. എനിക്ക് വേണ്ടപോലെയാടാൻ ഇവിടെ അനുവാദമില്ല. സഹനടന്മാരുടെയും കാണികളുടെയും ആശക്കൊത്തും പ്രതീക്ഷക്കൊത്തും ആടിത്തീരാനാണ് മാർഗ്ഗരേഖ.ഒരു ചുവടെടുക്കുമ്പോൾ എല്ലാവരും നോക്കും.
ഒരു ചുവട് മുന്നിലേക്കുവയ്ക്കുമ്പോൾ കാണികളും കൂട്ടാളികളും കയ്യടിക്കും.
ഒരു ചുവട് പിന്നിലേക്ക് വയ്ക്കുമ്പോൾ
ചോദ്യങ്ങൾ ഉയരും. ഉത്തരമില്ല.തിരിച്ചു ചോദിക്കാൻ പാടില്ല. ചോദിച്ചാലവർക്കും ഉത്തരമില്ല.
മുന്നിലേക്ക് ആണ് നടക്കേണ്ടത് എന്ന് ഇരുട്ടത്തിരുന്ന് കഥയറിയില്ലെങ്കിലും സംവിധായകന്മാർ ഓർഡറിടും.
ശക്തിയായ പ്രകാശം കാണികളെ കാണാൻ അനുവതിക്കില്ല. അവർക്ക് എന്നെക്കാണാം. എന്റെ ശരീരത്തെ മാത്രം.
ഇടയ്ക്ക് രംഗം വിടുമ്പോൾ അണിയറയിലിരിക്കുന്ന ഒരപരിചിതനായ സഹനടനോട് ഞാൻ ചോദിച്ചു: "ഈ കളി ഉടനെ അവസാനിക്കില്ലേ?എത്ര രംഗം കൂടിയുണ്ട് ഇനി?"
ആണ്ടുകളുടെ രംഗാനുഭവങ്ങൾ അയാളുടെ മുഖത്ത് ചുളുവകളായി പടർന്നിരിക്കുന്നത് കാണാം. എത്ര ചായം തേച്ചാലും മറയാതെ അവയങ്ങനെ. അയാൾ പറഞ്ഞു: "നിന്റെ ആട്ടം തുടങ്ങിയിട്ടേയുള്ളു. ഇനിയും അനേകം രംഗങ്ങളുണ്ട്. എനിക്കിനി അധികമില്ല."
അയാൾ എഴുന്നേറ്റ് വിളക്കിനെ തൊഴുത് രംഗത്തേക്ക് കയറാൻ തുടങ്ങി. "പുലരുവോളം ഈ കളി നീളും" അയാൾ പറഞ്ഞു. "എപ്പോൾ പുലരും?" ഞാൻ ചോദിച്ചു. "നിനക്കുള്ള പുലരി അനേകമാണ്ടുകൾ കഴിഞ്ഞേയെത്തൂ... എന്റെ പുലരി വന്നുകഴിഞ്ഞു!" മുഖത്ത് വീണ്ടും കഥാപാത്രത്തെ എടുത്തണിഞ്ഞ് അയാൾ അരങ്ങത്തേക്ക് നടന്നുകയറി. അണിയറയിൽ ഞാൻ ഒറ്റക്കിരുന്നു. അരയിൽ കച്ച വലിഞ്ഞുമുറുകി. ചുണ്ടപ്പൂവില്ലാഞ്ഞിട്ടും കണ്ണുനീറി. ചുട്ടിക്കാരൻ ചെറുമയക്കത്തിലാണ്.
പുലരാൻ ഞാൻ കാത്തിരുന്നു.
ഇരിപ്പുറക്കാതെ എഴുന്നേറ്റുനിന്നു...
ആദിത്യൻ എസ്
30.11.2020
Comments
Post a Comment