ലൈംഗികതൊഴിലാളികളുടെ രാജ്യം.
തെരുവുപെണ്ണിനെ കാണാം. മദം പൊട്ടിയ ആൺജീവികളുടെ നീരൂറ്റിയകറ്റുന്ന പുണ്യസ്ഥലം. കാളീമന്ദിരത്തിനും മതർതെരേസയുടെ ശവകുടീരത്തിനും നൽകാൻ കഴിയാത്ത വിശ്വമാനവസേവാലയം. സോനാഗച്ചി. അവിടെ കരയുന്നവരില്ല. അവർക്ക് കണ്ണീരിനോടും പുച്ഛമാണ്. പുറം ലോകത്തിന്റെ സകല സദാചാരക്കെട്ടുകാഴ്ച്ചകളോടും പുച്ഛമാണ്. പകലുകളിൽ പെണ്ണിന്റെയവകാശങ്ങൾക്കുവേണ്ടി പ്രസംഗിച്ച്, രാത്രിയുടെ നിഴലിൽ അവളുടെ മടികുത്തഴിക്കുന്ന ഭരണകിങ്കന്മാരോട് അവർക്ക് അറപ്പാണ്. അവർ ദേവിയല്ല. തൊഴിലാളികളാണ്. കണ്ണീരുണങ്ങി ചോരകനത്ത മുഖത്ത് ചായം പൂശിയൊരുങ്ങുന്ന ലൈംഗികതൊഴിലാളികൾ. അവർക്കിനി സഹതാപമല്ല, അവരുടെ തൊഴിലിനുള്ള അംഗീകരമാണ് ആവശ്യം. അവരും തൊഴിലാളികൾ. ചായംതേച്ച ചുണ്ടുകളിൽ പുകയുന്ന സിഗററ്റിനും പെയ്തുപോയ ഒരു മഴക്കുമിടയിൽ അവരെന്തോ ചിന്തിക്കുന്നതുകണ്ടു. കണ്ണുകൾകൊണ്ടുമാടിവിളിക്കുന്നതും കണ്ടു .
ദേവിപൂജയുടെ നവരാത്രികളിൽ കൽകത്തയുടെ വീഥികൾ വീണ്ടും ഉടുത്തൊരുങ്ങിനിൽക്കും. നഗരം ദിവ്യപ്രഭയാൽ അലങ്കരിക്കപ്പെടും. വെറിപൂണ്ട മഹിഷാസുരരെ ശൂലമുനയാൽ ധർമ്മലോകമെത്തിക്കുന്ന ദുർഗ്ഗാവിഗ്രഹങ്ങൾ ബംഗാളിന്റെ ശോഭകൂട്ടും. എന്തൊക്കെയായിരുന്നാലും കാമവെറിപൂണ്ടവന്റെ ക്രൂരതക്കിരയായി സോനാഗച്ചിയിലെ ഏതോ കിടപ്പറയിൽ, രാവുമുഴുവൻ അടങ്ങാത്തതൃഷ്ണയുടെകയിപ്പുകുടിക്കാൻ സന്നദ്ധയായവളെക്കാൾ വലിയ ദുർഗ്ഗാവിഗ്രഹം ഭാരതത്തിലുണ്ടാവില്ല. ലോകമേ സോനാഗച്ചിയിലേക്കുവരു. ഇതല്ലോ സത്യത്തിന്റെ ദുർഗ്ഗാമന്തിരം. ലൈംഗികതൊഴിലാളികളുടെ രാജ്യം.
Comments
Post a Comment