വീടുകൾ നിർമ്മിക്കുന്നവരോട്
വീടുകൾ നിർമ്മിക്കുന്നവരോട്
നിങ്ങളുടെ ഏത് അളവുകോലാലാണ്
നിങ്ങളെന്റെ പ്രണയത്തെ അളന്നത് ?
അതിനുതകുന്ന ഒരായുധവും
നിങ്ങളുടെ പണിശാലായിൽ കാണില്ല .
നിങ്ങൾ കല്ലും മണ്ണും ചേർത്ത കൂരകളും,
പലനിലകളിൽ മേൽക്കുമേൽ നിൽക്കും
മാളികകളും നിർമ്മിക്കാൻ ആശയമുള്ളവർ
എന്നാൽ ഒരാണ്ടിൽ കുത്തിയൊലിച്ചെത്തുന്ന
പ്രളയജലത്തെ അതിജീവിക്കാൻ പോലും
നിങ്ങളുടെ നിർമ്മിതികൾക്കാവുന്നില്ല...
വാരിപ്പുണരുന്ന കാട്ടാറിന്റെ കുളിരിനെ
സഹിക്കവയ്യാതെ അവ കടപുഴകി വീഴുന്നു.
അപ്പോഴും എന്റെ പ്രണയം നിലനിന്നു..
ഒരു കാറ്റിലും ഒരു കുത്തൊഴുക്കിലും പതറാതെ നിനക്കുവേണ്ടി മാത്രമായ് നിന്നു.
അപ്പോഴും നീ തകർന്നു വീഴുന്നവയെ മാത്രം നോക്കി നിൽക്കുകയായിരുന്നു.
പുതിയ പാഴായ മാളികകൾ കെട്ടിപ്പടുക്കാനുള്ള വേഗത്തിലായിരുന്നു.
നിങ്ങൾ ആകാശത്തെ തൊടാൻ വെമ്പുന്ന
കോട്ടമതിലുകളും കൊട്ടാരങ്ങളും കോവിലുകളും നിർമ്മിച്ചു..
അപ്പോഴും എന്റെ പ്രണയം ആകാശമായി നിന്നു..
ആരാലും എത്തിപ്പെടാൻ സാധിക്കാത്ത,
ശതകോടി പ്രകാശവർഷങ്ങൾക്കുമക്കരെ
ഇരുട്ടിലും നിന്നെ നോക്കിനിൽക്കുന്ന
ശ്യാമാമ്പരമായുയർന്നു നിന്നു.
നിങ്ങൾ കല്ലും മണ്ണും ചേർത്ത് വീടുകൾ നിർമ്മിച്ചു.
എന്നാൽ സ്നേഹത്തിന്റെ ഒരു നാമ്പുപോലും ആ കൂരക്കുചുറ്റും മുളപ്പിക്കാൻ നിങ്ങൾക്കാവില്ല.
ഏതോ ഒരു കാറ്റിൽ അതിന്റെ അടിത്തറയും ഇളകിവീഴുന്നു.
കാരണം വീടുകൾ നിർമ്മിക്കപ്പെടേണ്ടത്
മനസ്സുകളാലാണ്..
സ്നേഹം കൊണ്ടായിരിക്കണം അതിന്റെ അടിത്തറ പണിയേണ്ടത്.
മോഹം കൊണ്ടായിരിക്കണം മതിലുകളുയർത്തേണ്ടത്.
സഹനത്തിന്റെയും കാത്തിരിപ്പിന്റെയും വെള്ളപ്പുല്ലുകൊണ്ട് മേഞ്ഞ മേൽക്കൂര.
വാതിലുകൾ അനുകമ്പകൊണ്ടും
ജനാലകൾ ക്ഷമകൊണ്ടും ഉയർത്തുക.
അതിനൊരിക്കലും നിങ്ങൾക്കാവില്ല.
കാരണം നിങ്ങളുടെ പാഠപുസ്തകത്തിലെവിടെയും 'സ്നേഹം' എന്ന വാക്കുകാണില്ല..
നിങ്ങൾക്ക് മോഹങ്ങളില്ല..ഒരിക്കലും അവസാനിക്കാത്ത ലക്ഷ്യങ്ങൾ മാത്രം.
നിങ്ങൾ എന്നും അതിനായുള്ള പരക്കംപ്പാച്ചിലിലാണ്..
തിരക്കുകൾ അവസാനിക്കുന്ന ഒരു രാത്രി
ഓടിയെത്തിയതിന്റെ കിതപ്പുമാറാതെ
നിങ്ങൾ നിങ്ങളുടെ നിർമ്മിതികളിലേക്ക്
ഒരിക്കൽക്കൂടി തിരിഞ്ഞുനോക്കും.
ഇരുട്ടിൽ ഇരുട്ട് മാത്രം നിങ്ങൾ കാണുന്നു.
മുൻപിലും പുറകിലും ഒരേ ഇരുട്ട്.
വരിക ... വന്നെടുത്തു നോക്കുക..
ഒരിക്കലും പണിതീരാത്ത എന്റെ പ്രണയത്തെ നിങ്ങൾ ചവിട്ടുകൊട്ടയിലിട്ടില്ലേ...
ഒരിക്കൽക്കൂടി അതൊന്നെടുത്ത് നോക്കുക.നിങ്ങൾക്കാവശ്യമായതെല്ലാം ഇതിലുണ്ട്...
Comments
Post a Comment