സെമിനാരിപ്പടി വഴി പോയിട്ടുള്ളവർക്ക് അറിയാം.UC കോളേജിന്റെ കുന്നിറങ്ങി പറവൂർകവലയ്ക്കു പോവുമ്പോൾ ഇടത്തോട്ട് തിരിഞ്ഞാൽ ആ വഴിയുണ്ട്.
പരേതർക്ക് മോക്ഷം നൽകുന്ന വഴിയാണത്. ബാല്യം മുതൽ അയാളാവഴിയേവരുമ്പോൾ അവിടുത്തെ സ്മശാനങ്ങളുടെ പുകക്കുഴലുകൾ വമിക്കുന്ന കരിമ്പുക കണ്ട് ഭയന്ന് ഇരുവശത്തേക്കും നോക്കാതെ വേഗം പോരും. ആ പുകയുടെ ഗന്ധം ഭയത്തിന്റെ ഗന്ധമാണ്. പണ്ട് വല്യമ്മ മരിച്ചപ്പോൾ ഇതേ ഗന്ധമായിരുന്നു സംസ്കാരത്തീയും വമിച്ചത്.അന്നുമുതൽ ആ ഗന്ധത്തെ പേടിയാണ്. പിന്നീടെപ്പോഴും എവിടെനിന്നെങ്കിലും ശരീരങ്ങൾ കത്തിയെരിയുന്ന ഈ ഗന്ധം വരുമ്പോൾ അയാൾ ഒരു പഴമക്കാരനെപ്പോലെ പറയും "എവിടേയോ ഒരു മരണം നടന്നിട്ടുണ്ട്" .സെമിനാരിപ്പടികൂടി വരുമ്പോളെല്ലാം ശ്വാസമെടുക്കാതെയാണ് വരാറ്. പ്രേതധൂമം ഏൽക്കെരുതെന്ന് അച്ഛൻ പറഞ്ഞിട്ടുമുണ്ട്. വലുതായിട്ടും രാത്രിവൈകി ആ വഴി വരുമ്പോൾ വേഗം വണ്ടിയോടിച്ചു വരും. ദൈവത്തെയൊ ചെകുത്താനെയൊ ഭയന്നിട്ടല്ല. ശരീരം വെടിഞ്ഞ മനുഷ്യരെ ഭയന്ന്.
എത്രയൊക്കെ മൂക്കുപൊത്തിയാലും എത്രയെല്ലാം ശ്വാസം പിടിച്ചു വന്നാലും എത്രയെത്രെ ദേഹങ്ങൾ കത്തിയെരിഞ്ഞ ധൂമാംശങ്ങൾ എന്നിലേക്ക് കയറിയിരിക്കാമെന്ന് അയാൾ ഓർക്കും. അയാളിലേക്കെന്നപോലെ എത്രപേരിലേക്ക്?എത്രയെത്രെ തലമുറകളിലേക്ക്? അവരിലൂടെയെല്ലാം ആ വിടപറഞ്ഞവർ ദശാംശങ്ങളായി എത്രയെത്രെ മറുപിറവികൾ എടുത്തിരിക്കാം? അങ്ങനെ ശത്രുക്കളെ പെറ്റിട്ടവർ എത്രപേരുണ്ടാവും? മിത്രങ്ങൾക്ക് പുനർജന്മങ്ങൾ നല്കിയവർ എത്രപേരായിരിക്കും? എത്രയെത്ര മുതുമുത്തശ്ശ്ന്മാർ വീണ്ടും ബീജംശങ്ങളായി
തങ്ങളുടെ കുഞ്ഞുമക്കളിലേക്ക് പ്രാപിച്ചിരിക്കാം? ചിന്തിക്കുമ്പോൾ അജ്ഞാതമായ ഒരു ഭയം. അന്നും ശവങ്ങൾ കത്തിയപുകനിറഞ്ഞ സെമിനാരിപ്പടിവഴിയാണ് അയാൾ വന്നത്.
ശ്വാസമെടുക്കാതെ. വേഗം.
എത്ര ജന്മങ്ങൾ പുനർജന്മമാവാൻ തന്റെ ജീവനിലേക്ക് ലയിച്ചുവെന്നറിയാതെ !
Comments
Post a Comment