ആരാണിവിടെ കസേരകളിട്ടു കലാപരിപാടികൾ കാണാൻ ഇരിക്കുന്നത്? ഉത്സവപ്പറമ്പുകൾ കുട്ടികൾക്ക് ഓടിക്കളിക്കാനുള്ളതാണ്. ആ ഇടത്താരാണ് ആനകളെ എഴുന്നള്ളിച്ചു നിർത്തിയത്? അവിടം കുട്ടികൾ മണ്ണുപറത്തി ചിരിച്ചുല്ലസിക്കേണ്ടയിടമാണ്. പൊടിയിൽകിടന്നുരുളുമ്പോൾ അമ്മമാർക്ക് ഓടിവന്നു ഒരു കീറുതരാനുള്ളതാണ്.. അച്ചൻ വരട്ടേയെന്നു ഭീഷണിമുഴക്കാനുള്ളതാണ്. അവിടെ ആരാണ് വാഹനങ്ങൾ പാർക്കുചെയ്തിട്ടത്? എല്ലാമാണ്ടിലും താലപ്പൊലിക്കുവരുന്ന ബലൂൺകാരൻ ഇക്കൊല്ലവും വരും. വിലകൂടിയ ബലൂണുകൾ എന്ന് കളിപ്പാട്ടത്തിനു കരഞ്ഞുകൈനീട്ടുന്ന കുട്ടികളുടെ മാതാപിതാക്കൾ പരാതിപറഞ്ഞിട്ടും ഒരു നാളും ധനികനാവാത്ത ആ ബലൂൺകാരൻ.

ഭഗവതിയെയാരാണ് അറയ്ക്കുള്ളിൽ പൂട്ടിയിട്ടിരിക്കുന്നത്? ഉത്സവനാളുകളിൽ ഈ പൈതലുകളുടെകൂടെ ഈ അമ്പലപ്പറമ്പിൽ ഓടിക്കളിക്കാൻ ഭഗവതിയുംകൂടാറുണ്ട്. ഓടിത്തളരുമ്പോൾ ഇരുകൂട്ടരും ഈ ആൽത്തറയിലാണ് വിശ്രമിക്കാറ്. അപ്പോഴേക്കും ചെറിയതാലപ്പൊലിക്കെഴുന്നെള്ളാൻ നീരാട്ടിനു സമയമാവും. പക്ഷെ, അറക്കുള്ളിൽ തങ്ങൾ ഇരുട്ട് മാത്രമേ കണ്ടൊള്ളുവെന്നാണ് ഇന്നധികാരമില്ലാത്ത പഴയ കാരണവന്മാർ സാക്ഷ്യപ്പെടുത്തിയത്. ഓടിക്കളിക്കാൻ കുട്ടികളെവിടെ എന്നായി അടുത്ത ചോദ്യം. ഉത്തരമില്ലാതെ ആ ചോദ്യമങ്ങനെ ആൽമുകളിൽകയറിയിരിപ്പായി. വലിയതാലപ്പൊലിക്കുനേരമായി. കോലംക്കെട്ടിക്കാൻ ആനകളെ കൊണ്ടുവരുന്നുണ്ട്. നടതുറന്നു.
അറവാതിലിനകത്ത് ഒരു കരിന്തിരിമാത്രം എരിയുന്നു. ഉടവാൾ അതിനരികിൽ കിടക്കുന്നുണ്ട്. ദൂരേയ്ക്ക് നടന്നു നീങ്ങുന്ന ഒരു ചിലമ്പൊച്ച... അന്നു രാത്രിതന്നെയാണ് അരമണിയൊച്ചകേട്ട് കാരണവന്മാരുടെ കുഴിമാടങ്ങളിൽ മണ്ണനക്കം കണ്ടതും നാട്ടിലെ പൈതങ്ങൾ ഉറക്കത്തിൽ ദുസ്വപ്നങ്ങൾകണ്ട് കരഞ്ഞെഴുന്നേറ്റതും... 

ആദിത്യൻ
8.2.2020

Comments

Popular posts from this blog

ധൃതിയില്ലാത്ത യാത്രകൾ

Teaching Gandhi & Ambedkar: The truths of deliberate ignorance.

അനുവാദം