"ദേടാ ബംഗാളി വരണു !"
മുടി പറ്റവെട്ടി പൊടിമീശയും താടിയും വടിച്ച് ഷർട്ടും പാന്റുമിട്ടു ഞാൻ വരുമ്പോഴെല്ലാം അവർ പറഞ്ഞു : "ദേടാ ബംഗാളി വരണു !" കൂട്ടത്തിലെ തമാശക്കാരൻ ഞാനായതുകൊണ്ട് ഈ വക കളിയാക്കളുകളൊക്കെ ചിരിച്ചുകൊണ്ടേ കേട്ടിട്ടൊള്ളൂ.കട്ടൻച്ചായകുടിച്ചാൽ കൂടുതൽ കറുക്കും എന്ന് എന്നോട് ആദ്യമായി പറഞ്ഞത് ഒരു ട്യൂഷൻ ടീച്ചറാണ്. "അതിന് നീ അത്ര കറുത്തിട്ടല്ലല്ലോ" എന്നൊരു വാത്സല്യവും. ചായകുടിക്കാതെ ജീവിക്കുന്നതിനെപ്പറ്റി എനിക്ക് ചിന്തിക്കാൻ വയ്യ.
ജീവിതത്തിൽ പലഘട്ടങ്ങളിലും ബംഗാളി വിളികൾ കേട്ടിട്ടുള്ളതുകൊണ്ട് എനിക്ക് അതൊരു പുതുമയായി തോന്നാറില്ല. പരാതിയുമില്ല. പക്ഷെ എന്നേക്കാൾ പ്രിവിലേജുകൾ കുറഞ്ഞ ഇരുനിറവും, നല്ല കറുത്തവരുമായ മനുഷ്യരെപ്പറ്റി ആലോചിക്കാറുണ്ട്. അവരൊക്കെ എത്രമാത്രം മനോവിഷമം സഹിക്കുന്നുണ്ടാവും ഈ തമാശയ്ക്കു വേണ്ടി പറയുന്ന പരിഹാസങ്ങൾ കാരണം.
എന്റെ അനിയൻ എന്നേക്കാൾ വെളുത്തിട്ടാണ്. "അനിയൻ കൊള്ളാം ചേട്ടൻ പോരാ" തമാശകൾ എത്രയെത്ര കേട്ടു ഞാൻ. പിന്നീട് "പച്ചത്തെക്കാളി നിൽക്കട്ടെ, പഴുത്ത തക്കാളി പോരട്ടെ" തമാശ ടീവിയിൽ കാണുമ്പോൾ ഞാൻ ചിരിക്കാറില്ല. അതിന് പറ്റാറില്ല. പല്ലുപൊങ്ങിയ കറുത്ത ആ സ്ത്രീയിൽ ഞാൻ എന്നെ കാണാറുണ്ട്. എന്നേപോലെയുള്ളവരെ.
ഗായിക സയനോരയുടെ അഭിമുഖം കാണാൻ ഇടവന്നപ്പോൾ എഴുതിപ്പോയതാണ് ഈ കുറിപ്പ്.
സത്യജിത്ത് റായുടെയും ഋതുപർണ്ണഘോഷിന്റെയും മീര നയ്യാറുടെയും സിനിമകളിൽ ഞാൻ ബംഗാളിനെക്കണ്ടു. രബീന്ദ്ര സംഗീത്തിൽ കണ്ടു. മൂർഷിതാബാദിലെ ഞങ്ങളുടെ നാസറിക്കയിൽ കണ്ടു. അങ്ങനെ കഴിഞ്ഞ കൊല്ലം ഞാൻ ബംഗാൾ നേരിലും കണ്ടു 😊. കോവിഡ് കാലത്തു സിലിഗുരിയിലെ ഗ്രാമത്തിലെത്താൻ കഴിയാതെ ഇവിടെപ്പെട്ടുപോയ എന്റെ നാട്ടിലെ ഒരു ഭായുടെ കണ്ണുകളിൽ ഞങ്ങളുടെ ഡാർജിലിംഗ് ദിനങ്ങൾ ഞാൻ കണ്ടു.
ഇപ്പോൾ ഞാൻ ഒരു ബംഗാളിയുമാണ്.
അപ്പോഴും അവർ പറയുന്നു :"ദേടാ ബംഗാളി വരണു !" ഞാൻ ചിരിച്ചുകൊണ്ട് ഒരു കട്ടൻചായ കുടിച്ചുനിന്നു.
മനസ്സുപറയും "എക്ല ചോലോ രേ..."
Comments
Post a Comment