ഭൂമിയിൽ എല്ലാവരും മരിക്കുന്നു.
ചിലർ ചിരിച്ചു മരിക്കുന്നു,
ചിലർ കരഞ്ഞും..
ചിലർ ജീവിച്ച് മരിക്കുന്നു,
ചിലരോ മരിച്ച് ജീവിക്കുന്നു.
പട്ടികൾ മരിക്കുന്നു.പശുക്കളും.
പക്ഷെ സ്വർഗ്ഗം മനുഷ്യനുമാത്രം.
മനുഷ്യരിൽ ഭാഗ്യശാലികൾക്ക് മാത്രം..
ബാക്കിയുള്ളോർക്ക് പാതാളം.വറചട്ടി,തീ,കുന്തമുന!
ദൈവങ്ങളും പിശാചുകളും ഒരിക്കൽ മരിച്ചു.
ഒരുകൂട്ടർ അൾത്താരകളിൽ വീണ്ടും ജീവിക്കാൻ വിധിക്കപ്പെട്ടു,
കൊല്ലാതെ കൊല്ലപ്പെട്ടു!
ചിലർ പണിയെടുത്ത് മരിക്കുന്നു,
ചിലർ പണിയെടുപ്പിച്ചും!പണിയെടുക്കുന്നവർ പാമരന്മാരായി പാതാളത്തിലേക്കുപോകുന്നു, പണിയെടുപ്പിച്ചവർ ധനികരായി സ്വർഗ്ഗസ്ഥരാകുന്നു!
സ്വർഗ്ഗത്തിലവർ കൊട്ടാരങ്ങൾ വിലക്കുവാങ്ങുന്നു,
ദൈവത്തെ വീട്ടുവേലക്കുനിർത്തുന്നു.
ചിലർ ചിന്തിച്ചുമരിക്കുന്നു,
ചിലർ ചിന്തിക്കാത്തതുകൊണ്ടും.
ചിന്തിച്ചുമരിച്ചവർക്ക് അവാർഡുകളും,
ചിന്തിക്കാതെമരിച്ചവർക്ക് രക്തസാക്ഷിമണ്ഡപങ്ങളും ലഭിക്കുന്നു!
ചിന്തിച്ചിരിക്കെ കൊലചെയ്യപ്പെട്ടവർ ദൈവങ്ങളാകുന്നു!
ഭൂമിയിൽ എല്ലാവരും മരിക്കുന്നു!
ഗർഭത്തിൽ മരിച്ചവർ ഭാഗ്യവാന്മാർ!
Comments
Post a Comment