എന്റെ നാട്ടിലെ പറമ്പുകളിൽ തഴച്ചു വളരുന്ന വാഴകൾ കാണുമ്പോൾ കൽപ്പെട്ടിയിലെ രംഗമൂപ്പന്റെയും കുമാറിന്റെയും മരുതിയുടെയുമൊക്കെ കൃഷിയിടങ്ങളെപ്പറ്റി ഓർത്തുപോവും.അവിടുത്തെ മനുഷ്യരെപ്പോലെത്തന്നെ മെലിഞ്ഞ വാഴത്തൈയ്യുകളെ ഓർത്തുപോവും. ആവശ്യമായ വെള്ളം ലഭിക്കാതെ, വളർച്ച തല്ലിക്കെടുത്താൻ വരുന്ന മലമുകളിലെ കാറ്റിന്റെ ക്രൂരമായ കൗശലങ്ങളും, മനുഷ്യൻ കാടുതീണ്ടിയപ്പോൾ തങ്ങളുടെ മൗനസഞ്ചാരം ഹനിക്കപ്പെട്ട കാട്ടാനക്കൂട്ടങ്ങളുടെ തീറ്റതേടിയുള്ള പരവേശപ്പാച്ചിലുകളും.. അങ്ങനെ എന്തൊക്കെ സഹിച്ചും തരണംചെയ്‌തുമാണ് അട്ടപ്പാടിയിലെ വരണ്ട മലമുകളിൽ ആ തൈയ്യുകൾ അതിജീവനത്തിന്റെ വേരുകൾ പടർത്തുന്നത്? കാലടിയിൽ നിന്നും ആലുവയ്ക്കുള്ള ഈ അവസാന ബസ്സിൽ ഇരിക്കുമ്പോൾ ഇങ്ങനെ വെറുതെ ഓർത്തുപോവുകയാണ്. അവിടെയുള്ള മനുഷ്യരുടെ കണ്ണുകൾ. ലോകത്ത് അതിജീവനത്തിന്റെ കയത്തിലൂടെപോവുന്ന സകല മനുഷ്യരുടേയും കണ്ണുകൾ. ഞാൻ എത്ര ഭാഗ്യവാൻ. ഇവിടെ യുദ്ധമില്ല. രാത്രി ഉമ്മറപ്പടിയും തകർത്തുവരുന്ന കാട്ടാനകളില്ല. മഴയുണ്ട്. ഉറക്കമുണ്ട്. വഴിയുണ്ട്. വണ്ടിയുണ്ട്. ഈവണ്ടി ആലുവയിലെത്തുമ്പോൾ ഞാൻ ഇറങ്ങും. ചോറുവിളമ്പി അമ്മ കാത്തിരിപ്പുണ്ടാവും. അതുകഴിഞ്ഞ് ഉറങ്ങണം. ആ വരണ്ട മലമുകളിൽ സ്വന്തം ഇടങ്ങൾ നഷ്ടപ്പെട്ടുനിൽക്കുന്ന മനുഷ്യരേയും കാട്ടാനകളെയും വേരുറക്കാത്ത വാഴത്തൈയ്യുകളെയും ഞാൻ എപ്പോഴേ മറന്നു.



Comments

Popular posts from this blog

ധൃതിയില്ലാത്ത യാത്രകൾ

Teaching Gandhi & Ambedkar: The truths of deliberate ignorance.

അനുവാദം