ഉറക്കം
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് പിറന്നുവീഴുമ്പോൾ ആദ്യമായി കാതിലേക്കൊഴുകിയ താരാട്ടുപാട്ടിന്റെ അർത്ഥം അവൾക്കന്യമായിരുന്നു. വിചിത്രമായ വാമൊഴികൾ നിർമ്മിച്ച സംഗീതംമാത്രമാണ് അവൾക്കു മനസ്സിലായത്.ബനാറസിലെ ഒരു സർക്കാർ ആശുപത്രിയിക്കിടക്കയിൽ ഈണത്തിൽ താളത്തിൽ അമ്മയങ്ങനെ പാടിത്തീരുമ്പോൾ ഭൂമിയിലെ തന്റെ ആദ്യസുഷുപ്തിയിലേക്ക് അവൾ വഴുതിവീണു.
പാതിനിദ്രയിൽ അടിവയറ്റിലെ നീരൊഴുക്കിന്റെ അസ്വസ്ഥരാഗം അവൾ കേട്ടു. ഉറക്കമുണരുമ്പോൾ അവൾക്ക് വയസ്സ് പന്ത്രണ്ട്. അവൾക്കായ് അമ്മയൊരു കുഞ്ഞനുജനെ സമ്മാനിച്ച അതേദിവസം അവളുടെ ശരീരവും ഒരമ്മയാവാൻ തിടുക്കംകാട്ടി. ആ ഉൾത്തിടുക്കത്തിൽ തന്റെ കുഞ്ഞിത്തുടകളിലൂടൊഴുകി കിടക്കവിരിയിൽ വേരുകൾ പടർത്തി അവളിൽനിന്നും അന്നൊരു ചുവന്നപുഴയൊഴുകി. ഇനിയുള്ള അനേകം രാവുകളിൽ തന്റെ അടിയറ്റിലെ ദ്വീപുകളെ വേദനയിലാഴ്ത്താനൊരുങ്ങുന്ന ആ പുഴയെക്കണ്ടുഭയന്ന് അവൾ കണ്ണുകൾ മുറുക്കിയടച്ചു.
ഞെരമ്പുകളിൽനിന്നും കെറ്റാമെൻ ഒഴുകിനീങ്ങിയപ്പോൾ അവൾക്ക് ബോധമുണർന്നു. ആശുപത്രിമുറിയിൽ ഇളംശബ്ദത്തിൽവച്ചിരുന്ന അറബിസംഗീതം അവളുടെ കാതിലേക്കൊഴുകി. മാതൃഭാഷയും വേദനയുടെഭാഷയുമല്ലാതെ ഇക്കണ്ടകാലമത്രയും അവൾക്ക് മറ്റൊരു ഭാഷയും പഠിക്കാൻ സാധിച്ചില്ല. രണ്ടാണ്മക്കൾക്ക്ശേഷം അനുവാദമില്ലാതെ തന്റെ ഗർഭാശയത്തിൽ പിറന്ന ഒരു മുഴയെ തന്നിൽനിന്നും പിഴുതുകളായാൻ അവൾക്ക് സ്വന്തം ഗർഭപാത്രംതന്നെ വിലയായ് നൽകേണ്ടിവന്നു. അവളെ സമാധാനിപ്പിക്കാനെന്നോണം "മാസമുറയുടെ വേദനയിനിയില്ലല്ലോ" എന്ന തമാശ ഭർത്താവ് പറഞ്ഞുതീരുമ്പോഴേക്കും അനസ്‌തേഷ്യയുടെ ബാക്കിനിന്ന മയക്കത്തിലേക്ക് അവൾ മനപ്പൂർവ്വം മിഴിയടച്ചു.
ഇളയമകന് ഒരു പെൺകുഞ്ഞ് പിറന്നു. തന്റെ തലമുറയെ നിലനിർത്താൻ പിറന്നവൾക്ക് 'ഭാഗീരതി'യെന്നുപേരിടാൻ അവൾ മകനോട് അഭ്യർത്ഥിച്ചു. "അമ്മയ്ക്ക് ഗംഗാനദി ഒന്നുകൂടികാണണം എന്ന് പറഞ്ഞിട്ട് ഇതുവരെ പോയില്ലല്ലോ നമ്മൾ. ഇവൾക്കൊരു ആറുമാസം കഴിയട്ടെ. അമ്മുമ്മ ജനിച്ച സ്ഥലം കാണാൻ ഇവളെയും കൂട്ടിപോവാം" മകന്റെ വാഗ്ദാനം കേട്ട് അറുപതവയസുള്ള കണ്ണുകൾ പതിവില്ലാത്ത പ്രതീക്ഷയിൽ തെളിഞ്ഞു.
അമ്മുമ്മ കൊച്ചുമകൾക്ക് മണ്ണാങ്കട്ടയും കരിയിലയും കാശിക്കുപോയ കഥചൊല്ലികൊടുത്തു. മുൻ പരിചയക്കാരെപ്പോലെ ഭാഗീരതിയും അമ്മുമ്മയും മുഖത്തോട് മുഖം നോക്കിക്കിടന്നു.
ഭാഗീരതിയുയുടെ ചോറോണുദിവസം എല്ലാവരും കാലത്തേ ക്ഷേത്രത്തിൽ പോയി. വർഷങ്ങളായി വിട്ടുമാറാത്ത തലകറക്കം അവളെ കിടക്കയിൽതന്നെ തളച്ചിട്ടു.
"യൂട്രസിന് പകരം അന്നവർ ഇയർ ബാലൻസിന്റെ മെഷീൻ ആണെന്ന് തോന്നുന്നു വൈറ്റിന്ന് എടുത്തത്" ഭർത്താവിനെ വേദനപ്പിക്കാതിരിക്കാൻ ആ തമാശക്കുകൂടി പാതിമയക്കത്തിൽ അവൾ ചിരിച്ചുകൊടുത്തു. പിന്നീട് അവൾ സമാധാനത്തിൽ ഒരല്പം ഉറങ്ങി. ഉറക്കം അവളെ ഒരു മൺകുടത്തിലേക്ക് ആവാഹിച്ചു. മൺകുടത്തിലൂടെ അവൾ കാശിയിലേക്ക് നടന്നു.

Comments
Post a Comment