നക്ഷത്രങ്ങൾ മിന്നാമിനുങ്ങുകളായി പെയ്യുന്ന രാത്രിയിൽ അയാളെനിക്ക് കാലടിയുടെ ചരിത്രം പകർന്നു തന്നു. സർവ്വകലാശാലയുടെ ഏതോ ഇരുട്ടിൽക്കിടക്കുയായിരുന്നു ഞങ്ങൾ. അയാൾ മദ്യപിച്ചു ലക്കുകെട്ടാണ് വന്നത്. ലഹരി ഇറങ്ങുംവരെ ഇവിടെയിരിക്കാൻ ഞാനാണ് നിർബന്ധിച്ചത്. അബോധത്തിൽ തന്റെ ബോധ്യങ്ങൾ അയാൾ എനിക്കോതിത്തന്നു. പശ്ചിമഘട്ട മലനിരകളാൽ ചുറ്റപ്പെട്ട്, നിതാന്തധ്യാനത്തിൽ തപസിരിക്കുന്ന മലയാറ്റൂർ മലയ്ക്കും, എത്രയൊഴുകിയിട്ടും മതിവരാതെ യുഗങ്ങൾ നീന്തിനീങ്ങുന്ന പെരിയാറിനുമരികിൽ ഈ കാലടിദേശം കേരളത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒരു പട്ടണമായതെങ്ങനെയെന്ന് അയാൾ കുഴയുന്ന നാവുകൊണ്ട് പറഞ്ഞുതുടങ്ങി:
'കാലടിയുടെ അരിരഹസ്യം.' വളരെ കുറച്ചുമാത്രം നെൽപ്പാടങ്ങളുള്ള കാലടിയെങ്ങനെ കേരളത്തിലെ ഏറ്റവും കൂടുതൽ അരിമില്ലുകളുള്ള ദേശമായിമാറി എന്ന സത്യം, ഞാനിന്നുവരെ ചിന്തിച്ചുപോലുംനോക്കാത്ത കഥ. അഞ്ചു വർഷത്തെ കാലടിജീവിതത്തിൽ ആ രാത്രിയിൽ ആ ഇരുട്ടത്ത് ഈ കഥ കേൾക്കാൻ കിടക്കുകയെന്നത് എന്റെ നിയോഗമായിരുന്നിരിക്കാം.ഒരു സിനിമ വെള്ളിത്തിരയിൽ പ്രദർശിപ്പിക്കുമ്പോലെയാണ് അയാളുടെ വർണ്ണനകൾ. കേട്ടിരുന്നുപോവും. അത്ഭുതം തോന്നും. ഇടക്ക് രോമാഞ്ചം കേറും. ഈ ദേശത്തെ മനുഷ്യരുടെ ജീവിതം അയാൾ ആണ്ടുകൾ പഴക്കംച്ചെന്ന ഒരു മുതുമുത്തച്ചനെപ്പോലെ പറഞ്ഞുകൊണ്ടേയിരുന്നു... "The people of Kalady are perfect middlemen.They earn their livelihood by their tongue." തുച്ഛമായ കൃഷിയുടെ പാരമ്പര്യമുള്ള ഒരു ദേശക്കാർ തങ്ങളുടെ നാക്കുകൊണ്ടും അധ്വാനംകൊണ്ടും ഒരു പട്ടണത്തെ കെട്ടിയുയർത്തിയ കഥ പറഞ്ഞു തീർക്കുമ്പോൾ അയാളിൽ ലഹരി അടങ്ങിയിരുന്നു. വേച്ചെഴുന്നേറ്റ് ദൂരെ നിലാവെളിച്ചത്തിൽ തെളിഞ്ഞുറച്ചുനിന്ന ശങ്കരന്റെ സ്തൂപത്തെ നോക്കി അയാൾ പറഞ്ഞു : " ഇതൊരു അസാധാരണ പട്ടണമാണ്. ബുദ്ധിയുള്ളവരുടെ പട്ടണം". ഞാനും അയാളും മിന്നാമിനുങ്ങുകളും ആ ഇരുട്ടിൽ നിന്നു, ദൂരെ നാളെ വീണ്ടും തിരക്കുകളിലേക്കുണരാൻ ഉറക്കം തുടങ്ങുന്ന കാലടിപ്പട്ടണത്തെയും നോക്കി.
.
ആദിത്യൻ എസ്
30.4. 2020
Comments
Post a Comment