ആശയങ്ങളാൽ ഗർഭംധരിച്ചവരുടെ വേദന പറഞ്ഞറിയിക്കാനാവാത്തതാണ്. ഒരു കലാസൃഷ്ടി അതിന്റെ പരിപൂർണതയിൽ എത്തുംവരെ ആ വേദന അങ്ങനെ തുടരും. ഉറക്കം പോവും. വിശപ്പു മറക്കും. ശരീരത്തിൽ ചൂട് കൂടും. നൂറുകണക്കിന് സിഗരറ്റുകൾ എരിച്ചിട്ടും അടങ്ങാതെ നൂറ്റിയൊന്നിനു വേണ്ടി പാതിരാത്രി ഇറങ്ങി നടക്കും. നടവഴയിൽ ഇരുട്ടാണെങ്കിലും നടത്തം തുടരും. കാരണം കാഴ്ച്ചയിൽ ഇരുട്ടാണ്. തലച്ചോറിൽ ഒരു ചിന്താഭ്രൂണം ഊഴിയിലേക്കിറങ്ങാൻ വശം തിരിയുകയാണ്. ആയിരം തലമുറകളുടെ ആശിസ്സുനേടിയ പൊക്കിൾക്കൊടികൾ കഴുത്തിൽ ചുറ്റിമുറുകാതെ ആ ഭ്രൂണം തലച്ചോറിന്റെ യോനിമുഖത്തേക്ക് വളരെ പതുക്കെ തലതിരിക്കുന്നു. കിട്ടിയ സിഗരറ്റും പുകച്ചു കയ്യിൽ വേറെ ഒരു പാക്കറ്റും പിടിച്ചു അയാൾ മുറിയിലേക്ക് നടന്നു. രാത്രി അത്രമാത്രം നിശ്ബദമായതുകൊണ്ടാവും അയാളുടെ ഉൾകരച്ചിലുകൾ ഭൂമിയെ സ്പർശിക്കാതെ പോയത്. മുറിയിൽ എത്തിയതും കയ്യിൽ കിട്ടിയ കടലാസിൽ മഷിതീരാറായ ഒരു പേനയിലൂടെ അയാൾ ആ കുഞ്ഞിനെ പെറ്റിട്ടു. മുറിയിലെ പൊടിപിടിച്ച പഴയ ഫാൻ നൂറുകണക്കിന് പ്രസവങ്ങൾകണ്ടുതഴമ്പിച്ച ഒരു വയറ്റാട്ടിയുടെ വാത്സല്യത്തോടെ കുഞ്ഞിനെ ഇളം കാറ്റാൽ താരാട്ടി. പിറ്റേന്ന് ഉച്ചവരെ തനിക്ക് ജന്മം നൽകിയ തന്റെ അച്ചൻ ഉണരുന്നതും കാത്ത് ആ കുഞ്ഞ് മേശപ്പുറത്ത് കരയാതെ കാത്തിരുന്നു.
ധൃതിയില്ലാത്ത യാത്രകൾ
ക ഴിഞ്ഞ ദിവസം ക്ലബ് ഹൗസ്സിൽ ഷൗക്കത്തിനെ കേൾക്കുകയായിരുന്നു. അദ്ദേഹം തന്റെ ഹിമാലയയാത്രകളെപ്പറ്റി സംസാരിക്കുകയായിരുന്നു. അദ്ദേഹം യാത്രയിലെ നമ്മുടെ ധൃതികളെപ്പറ്റി സംസാരിക്കുമ്പോൾ,ഞാനിങ്ങനെ ആലോചിക്കുകയായിരുന്നു. ഞങ്ങളുടെ ശബരിമലയാത്രകൾ. യാത്രയിലെ ധൃതി കുറയ്ക്കാൻ അച്ചനോടൊപ്പമുള്ള ശബരിമലയാത്രകൾ സഹായിച്ചിട്ടുണ്ട്. കൂടെയുള്ളവരെ പരിഗണിക്കാനും,ഒപ്പം കയറ്റം കയറാനും,ഇറക്കങ്ങൾ സൂക്ഷിച്ചിറങ്ങാനും, കൂടെയുള്ളവർ കിതിയ്ക്കുമ്പോൾ അല്പം വിശ്രമിക്കാനും,ചിലപ്പോൾ അവരുടെ ഭാണ്ഡവും ഏറ്റെടുത്ത് മല കയറാനും, തിരക്കുകൾക്കിടയിൽ കൂട്ടംത്തെറ്റി സ്വയം നഷ്ടപ്പെടാതെ സൂക്ഷിക്കാനും,ഒറ്റയ്ക്ക് നടക്കാനും, പുരുഷാരം തേടിയതു താൻ തന്നെയെന്ന അറിവേയിലേക്കുള്ള 18 പടിചവിട്ടുമ്പോൾ മുമ്പിൽ കയറുന്ന അനുജൻ വീഴാതെ ശ്രദ്ധിക്കാനും മല കയറ്റം പഠിപ്പിച്ചിട്ടുണ്ട്.ഒട്ടും തന്നെ ധൃതിയില്ലാതെയാണ് അച്ഛന്റെ യാത്ര. നാട്ടിൽ പലരും അവർ പോയതിനേക്കാൾ വേഗത്തിൽ തിരിച്ചെത്തി എന്നു പറയാനാണ് മലയ്ക്കു പോകാറ്. "ഞങ്ങൾ കയറുമ്പോൾ തിരക്കില്ലായിരുന്നു,ഓടിക്കയറി ഓടിയിറങ്ങി" എന്നൊക്കെ വലുപ്പം പറയുമ്പോൾ അച്ഛൻ ചിരിക്കും. കാരണം ഞങ്ങൾ പോവുമ്പോഴെല്ലാം ഓരോ അനുഭവങ്ങള...

Comments
Post a Comment