ചെകുത്താൻ പുര
കുന്നിൻ മുകളിലെ പുരയിടത്തിൽ വിള്ളലുകൾ വീഴുമ്പോൾ അയാൾ പുതിയൊരു വീടുകെട്ടാൻ തുനിഞ്ഞു.
സ്വന്തമെന്ന് പറയാമെങ്കിലും ആ മണ്ണിന് ദൈവമടക്കം അനേകംപേർ അവകാശികളുണ്ടായിരുന്നു. ഒരുച്ചക്കു അവരാവീടുപൊളിച്ചു. പുതിയൊരു പുരയിടം എന്നൊരു സ്വപ്നത്തിനു മനസ്സിൽ തറക്കല്ലിട്ടു. ഉള്ളതെല്ലാം വാരികെട്ടി അവർ തൽക്കാലം മറ്റൊരു കൂരയിലേക്ക് ചേക്കേറി. ദൈവവും മനുഷ്യരും കൈയ്യൊഴിഞ്ഞിട്ടും അവർക്കൊരു വീടുകിട്ടി. ചെകുത്താനായിരുന്നു ആ വീട്ടിലെ പഴയ താമസക്കാരൻ. ചെറിയ രണ്ടുമുറിയും ഒരടുക്കളയും അഞ്ചുപേരും. മക്കൾക്കും അമ്മക്കും ഒരുമുറി നൽകി ആയാളും ഭാര്യയും മാറിക്കിടന്നു. അവർ ചെരിച്ചുകെട്ടിയ ചാർത്തിൽ അയാൾ സന്ധ്യകളിൽ തലപുകഞ്ഞിരുന്നു. മഴക്കാലത്ത് ഭാര്യ ഉണങ്ങാത്ത തുണികൾ ചോരുന്ന ചാർത്തിലിട്ടുണക്കി. അയൽപ്പക്കത്ത് അവൾ ആദ്യമായി മനുഷ്യന്റെ രൂപത്തിൽ ദൈവത്തെ കണ്ടു. ആ സ്ത്രീ അവൾക്ക് സാന്ത്വനം നല്കിവന്നു.കൂട്ടിയതൊക്കെ തെറ്റിയപ്പോൾ കണക്കയാളെ കളിയാക്കി. ആദ്യമായി കെട്ടിയ തറ പൊളിച്ചു കളയേണ്ടിവന്നു. തന്റെ മണ്ണിൽ അനുവാദമില്ലാതെ ഒരു തറപണിതതിന് ദൈവം കോപിച്ചതാണെന്നു അറിവേറിയവർ കുറ്റംപറഞ്ഞു. അയാൾ വീണ്ടുമൊരു തറപണിതു. ഭിത്തികെട്ടി, ജനലുവച്ചു.
മകൻ തിരുമുറിവേറ്റു നിലത്തുവീണു. ആയാളും ഭാര്യയും അവനെയുമെടുത്ത് ചാർത്തിൽ വന്നിരുന്നു. നോവേറ്റുകരയുന്ന സ്വന്തം പൈതലിന് അവർ ഉറക്കം മാറ്റിവച്ച് കൂട്ടിരുന്നു.
ആകെയുണ്ടായിരുന്ന അല്പം പണം അമ്പലത്തിലെ അഞ്ചാം ഉത്സവത്തിനു അലമാരയിൽ നിന്നും കളവുപോയി. തന്റെ മണ്ണിൽ അനുവാദമില്ലാതെ ഒരു മതിൽപണിതതിന് ദൈവം കലികൊണ്ടതാണെന്നു അറിവേറിയവർ വീണ്ടും അടക്കംപറഞ്ഞു. ഒരു കുടന്ന പണം വയ്ച്ചു മാപ്പുചൊല്ലി നടക്കൽ നമസ്കരിക്കാൻ അയാളോട് അമ്മ പറഞ്ഞു. അയാൾ ചെയ്തു. കൂരവാർത്തപ്പോൾ അയാൾ ചാർത്തിൽ ഒരല്പം വിശ്രമിച്ചു.
രണ്ടുംമക്കളും ഭാര്യയും അമ്മയും മണ്ണുചുമന്നു. ഭിത്തികൾ തേച്ചു. ജാലകങ്ങൾ വച്ചു. കൂടെനിന്ന മനുഷ്യരിൽ അയാൾ ദൈവത്തെ കണ്ടു. ഒടുവിലയാൾ പുതിയ വീടിനൊരു വാതിലും വച്ചു. അന്നയാളും അമ്മയും ഭാര്യയും മക്കളും അവിടെയുറങ്ങി. ചെകുത്താൻ വീടിനു കാവൽ നിന്നു.
പിറ്റേന്ന് അവർ ചാർത്തുപൊളിച്ചു ഭാണ്ഡങ്ങൾ വാരിക്കെട്ടി പുതിയ പുരയിടത്തിലേക്ക് ചേക്കേറി. ഇത്രകാലം അവർക്കഭയം നൽകിയ ആ പുരയെ അവർ ഓർത്തുകിടന്നു. ചെകുത്താൻപുര അവർക്ക് സ്വർഗ്ഗമായിരുന്നു. ചെകുത്താൻ ചിരിച്ചു. ദൈവം തലതാഴ്ത്തി നിന്നു.

Comments
Post a Comment